ഞാനും ഒരു ഫുട് ബോൾ കളിക്കാരനായിരുന്നു.

ഒരമ്പതു വർഷങ്ങൾക്കു മുമ്പ്‌ മുമ്പ്‌.  അന്ന് ഞങ്ങൾ കളിച്ചിരുന്ന ഫുട് ബോളിനു ഇന്ന് കാണുന്ന രൂപം ഒന്നുമില്ലായിരുന്നു.  കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുമ്പോൾ പൊതിഞ്ഞു കിട്ടുന്ന കടലാസ്സുകൾ കൂട്ടി വച്ച് ഒരു പൊതിയാക്കി അതിന്മേൽ ചാക്കുനൂൽ ചുറ്റി ഞങ്ങൾ പന്താക്കി കളിച്ചിരുന്നു. അന്നു  പത്രക്കടലാസ് പോലും അപൂർവ്വ  വസ്തു ആയിരുന്നു.   കിഴക്കൻ മേഖലകളിലൽറബ്ബർ പാലിൽ മുക്കി അതിനു ആയുസും ഭംഗിയും കൂട്ടിയിരുന്നു.  കുറേക്കാലം കഴിഞ്ഞാണ് കാറ്റു നിറച്ച പന്തുകൾ  വരവു  തുടങ്ങിയത്.  അതൊക്കെ വലിയ പണക്കാർ കുട്ടികൾക്ക് മാത്രം.

കടയിൽനിന്ന് കിട്ടുന്ന കടലാസുകളിൽ ഇന്ദർ സിംഗ്, ചെയിൻ സിംഗ് – മഗൻ സിംഗ് കൂട്ടുകെട്ട്, സൈമണ്‍ സുന്ദർ  രാജ്, ഗോളി തങ്കരാജ് തുടങ്ങിയവരൊക്കെ കളിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. കളി കാണാൻ പോലും കാശില്ലാത്ത കാലം. ഫുട് ബോൾ എന്ന് കേട്ടിട്ടേ ഉള്ളു. പത്രത്തിൽ പടം കണ്ടിരുന്നു.

അന്നൊക്കെ ഞങ്ങൾ വേലിപ്പത്തൽ വളഞ്ഞതു നോക്കി വെട്ടിയെടുത്തു ഹോക്കി സ്ടിക് ആക്കി കളിച്ചിട്ടുണ്ട്. അതിന്റെ പന്തും തടി ചെത്തി ഉരുട്ടി എടുത്തിട്ടായിരുന്നു.   ഇതിലൊക്കെ അന്ന് എന്റെ ചേട്ടൻ ഫിലിപ്പ് അഗ്രഗണ്യനായിരുന്നു.  ഞാൻ വെറും “എലുംബൂസ് ” കാറ്റടിച്ചാൽ പറന്നു പോകുന്ന രൂപം ആയിരുന്നു എന്റേത്. എന്നാലും കളി ഒട്ടും മുടക്കിയിരുന്നില്ല.  കൊയ്തൊഴിഞ്ഞ പാടത്തും പറമ്പിലും ഒക്കെ ഞങ്ങൾ കുട്ടിയും കോലും, കബഡി, എസ്പായി, കുഴിപ്പന്ത് എന്നിവ ഒക്കെ കളിച്ചു നടന്നിരുന്നു.  ഇന്ന് പാടം മുഴുവൻ പായലും ചെളിയും മാത്രം.  പറമ്പായ പറമ്പ്  എല്ലാം മതിൽ കെട്ടി അടച്ചു കഴിഞ്ഞില്ലേ? ഇന്ന് കുട്ടികൾക്ക്  കളിക്കനെവിടെ സ്ഥലം ? അല്ല സ്ഥലം കിട്ടിയാലും കളിക്കാനെവിടെ  നേരം ? അല്ലെങ്കിൽ ആർക്കു ഓടിക്കളിക്കണം ?  എല്ലാവരും ക്രിക്കെറ്റ് കണ്ടു കുടവയറും തൂക്കി  സ്കോർ പറഞ്ഞു മേനി നടിച്ചു  നടക്കുകയല്ലേ.

പറഞ്ഞു പറഞ്ഞു കാടു കയറി.  നാലു  മൈൽ അകലെ ഉള്ള സ്കൂളിൽ പോകുന്നതും പന്തു തട്ടിയിട്ടായിരുന്നു.  ഞങ്ങളുടെ പറമ്പിൽ നിന്ന് പറിക്കുന്ന  കമ്പിളി (ബബ്ലൂസ്) നാരങ്ങ ഫുട് ബോൾ വലിപ്പത്തിൽ ആയിരുന്നു.  അതു തട്ടി സ്കൂളിലേക്ക് ഒരൊറ്റ ഓട്ടമാണ് രാവിലെ.  കുറഞ്ഞത് പത്തു പേരെങ്കിലും കൂടെ ഓടാനുണ്ടാകും. നെടുംത്തറയിൽ കർത്താവ്, വാഴെച്ചേരിൽ രാജൻ, ജോയ്, തൈപ്പറമ്പിൽ മോൻ, തമ്പാൻ, കൂലി തമ്പാൻ, പാലത്ര മാണി, മലയിൽ ജിജി, വെളുത്തെടത്തു തമ്പി, തൊമ്മൻ ഒക്കെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. പത്തു മിനിട്ടിനുള്ളിൽ സ്കൂളിൽ എത്തും. കാട്ടിൽ ഒളിച്ചു വച്ച നാരങ്ങ തട്ടി വൈകുന്നേരം തിരിച്ചും ഓടും.   വരുന്ന വഴിയെ പുസ്തകങ്ങൾ വീട്ടിലേക്കു എറിഞ്ഞിട്ടു അമ്മ തയ്യാറാക്കി വച്ച  ഗോതമ്പട തിന്നും കൊണ്ട് കളിക്കാനോടും. ഇരുട്ടായി കണ്ണു കാണാൻ വയ്യാതകുന്നതു വരെ കളിക്കും.  ഹായ് എന്ത് രസമായിരുന്നെന്നോ.  നേരം വെളുത്താൽ ഇരുട്ടുന്നതു വരെ ഞങ്ങൾ  ആണ്‍കുട്ടികൾ  ഇരിക്കുന്ന പ്രശ്നമില്ല. പെണ്‍കുട്ടികളും വയസന്മാരും  മാത്രം ഇരുന്നു കൊണ്ടുള്ള കളികൾ കളിച്ചിരുന്നു.  അന്നൊന്നും കമ്പ്യൂട്ടർ പോയിട്ട് കാല്കുലെറ്റർ പോലും ഞങ്ങൾ സ്വപ്നം കണ്ടിട്ടില്ല.

എഴാം ക്ലാസ്സിൽ C M S കോളേജ് ഹൈ സ്കൂളിൽ ചെന്നപ്പോഴാണ് ഫുട് ബോളിന്റെ വിശ്വ രൂപം കണ്ടത്.  പിടിച്ചു നില്ക്കാനായില്ല.  ആദ്യ ദിവസം തന്നെ ഗ്രൗണ്ടിൽ ഇറങ്ങി. പൊങ്ങി വന്ന ഫുട് ബോളിൽ പിടിക്കാനായി കൈ നീട്ടിയത് മാത്രം ഓർമ്മയുണ്ട്. ബോധം വന്നപ്പോൾ മറ്റു കുട്ടികൾ പന്തും തട്ടി ഓടുന്നുണ്ട്. എന്റെ കൈക്ക്  നല്ല വേദന. വിരലുകൾ മടക്കാൻ പറ്റുന്നില്ല. കുറെ തിരുമ്മി നോക്കി. രക്ഷയില്ല.  പതിയെ വലിഞ്ഞു. വീട്ടിലെത്തി. അന്ന് കളിയ്ക്കാൻ പോയില്ല. അമ്മ ആശ്ചര്യപ്പെട്ടു.  ഇന്നെന്തേ മോൻ കളിയ്ക്കാൻ പോകുന്നില്ലേ? “ഓ . നല്ല സുഖമില്ല അമ്മേ”   ഞാൻ സൂത്രത്തിൽ പുറത്തേക്കിറങ്ങി. പിന്നീട് ഒരു മാസം കഴിഞ്ഞിട്ടാണ് ഞാൻ കളിക്കളത്തിൽ ഇറങ്ങിയത്.

അടുത്ത ഊഴം ഹോക്കിയില്‍ ആണ് പരീക്ഷിച്ചത്. എല്ലാവരും ഓടുന്ന കൂടെ ഞാനും ഒരു സ്ടിക് എടുത്തു ഗ്രൗണ്ടില്‍ ഇറങ്ങി. എന്റെ നേരെ വന്ന ഒരു ഉഗ്രന്‍ അടി സ്ടിക് വച്ച് തടയാന്‍ ശ്രമിച്ചു. പക്ഷെ അടി എന്റെ കാല്‍കുഴയിലാണ് കൊണ്ടത്‌. അവിടം അപ്പം പോലെ മുഴച്ചു വന്നു.

ഹോക്കി സ്ടിക് തിരികെ എല്പിച്ചോ എന്നൊന്നും എനിക്കോര്‍മയില്ല, അതോടെ എന്റെ കളിഭ്രമം ഒരുമാതിരി കുറഞ്ഞു.

അന്നെന്റെ കൂടെ പഠിച്ചിരുന്ന അശ്വിൻ എന്ന വെളുത്ത  സുന്ദരനായ  ഗുജറാത്തി പയ്യൻ  മറ്റു സ്കൂളുകൾക്കെതിരെ കോർണർ അടിച്ചിരുന്നത് ഇന്നും എന്റെ മനസ്സിൽ പച്ച പിടിച്ചു നില്ക്കുന്നു.  വളഞ്ഞു പിരിഞ്ഞു പുളഞ്ഞു നേരെ പോസ്റ്റിൽ ചെന്നു കയറുന്ന ആ അടി എങ്ങിനെ മറക്കാൻ!! ഇപ്പോഴല്ലേ ബെക്കാം ഒക്കെ അത് പഠിച്ചത്.

ഒരു കാര്യം മറന്നു.  ആദ്യമൊക്കെ ഫുട് ബോളിന്റെ പുറം അനേകം T ചേർത്തു തയ്ച്ചു വച്ചത് ആയിരുന്നു. ഒരു T  കീറി വായ  തുറന്നിരിക്കും. അതാണ് ഫുട് ബോളിന്റെ മൌത്ത്.  ബ്ലാഡറിനു  പൊക്കിൾക്കൊടി പോലെ ഒരു കഴുത്തുണ്ടായിരുന്നു. അതിലൂടെ സൈക്കിളൾ പമ്പ് കൊണ്ട് കാറ്റടിച്ചു മടക്കിക്കെട്ടി ഉള്ളിൽ തള്ളിക്കയറ്റി മൌത്ത് തുകൽചരട് കൊണ്ട് തന്നെ തയ്ച്ചു കഴിഞ്ഞാൽ കളിക്കാം. ഇവിടം മുഴച്ചു നില്ക്കും. ഒരു മാതിരി റഗ്ബി ബോള്‍ പോലെ.  നീട്ടി അടിക്കുമ്പോൾ നേരെ പോകില്ല.  ഈ ഭാഗം എങ്ങാനും തലയിലോ ദേഹത്തോ കൊണ്ടാൽ പിന്നെ ഒരാഴ്ച കളിയ്ക്കാൻ പറ്റില്ല.  ഈ പന്തു  കൊണ്ടാണ്  ഞാൻ പറഞ്ഞ അശ്വിൻ അടിച്ചിരുന്ന കരിയില കിക്ക്…..  അന്ന് ബൂട്സ് ഒന്നും ഇല്ല. കളി നഗ്നപാദരായിട്ടാണ് താനും. പിന്നെ  വന്നു I (ഐ) കെട്ട് ഫുട് ബോൾ..  എഴുപതുകളില് ആണ് O കെട്ട് (ഏഷ്യൻ) ഫുട് ബോൾ വന്നതെന്ന് തോന്നുന്നു. പിന്നെ അങ്ങോട്ട് പല തരം ബോളുകൾ ആയി. ഇപ്പോൾ വീട്ടിൽ ഇരുന്നും ഫുട് ബോൾ കളിക്കമെന്നായിട്ടുണ്ട്. ഓടുകയും വേണ്ടാ പന്തും വേണ്ടാ. ഒരുതരം വയസൻ കളി…………….. എന്താ ഒരു സുഖം അല്ലേ ?

Facebooktwittergoogle_plusredditpinterestlinkedinmailby feather